അർദ്ധവിരാമങ്ങളുടെ അനന്തവൃത്തം
വനമധ്യത്തിൽ നിശബ്ദതയെ ഉന്നംവെച്ച്-
കിരാതർ കാത്തുനിൽക്കുന്നു,
വാക്കുകൾ കൊണ്ട് മുറിവേൽപ്പിക്കുവാൻ.
അർത്ഥശൂന്യമായ ആരവങ്ങളുടെ ഈ 'ജനാധിപത്യം'
പ്രശാന്തതയുടെ കാനനത്തിന് തീയിടുന്നു.
ദുർബലരെ വേട്ടയാടുന്ന വായാടികളായ മകരങ്ങൾ,
അവശിഷ്ടങ്ങൾക്കായി പതിയിരിക്കുന്ന സ്രാവുകൾ.
ജീവിതമെന്ന് നാം വിശ്വസിക്കുന്ന ഈ ചളിക്കുണ്ടിൽ,
വ്യർത്ഥമായ തർക്കങ്ങൾക്കായി നാം തുഴയുന്നു.
ഇവിടെ പൂർണ്ണവിരാമങ്ങളില്ല, ഈ പ്രയാണത്തിന് അന്ത്യമില്ല,
അർദ്ധവിരാമങ്ങൾ മാത്രം കോർത്തിട്ടൊരു നീണ്ട ശൃംഖല.
സംശയവും മോഹവും മാംസനിബദ്ധമായ തൃഷ്ണയും-
ചുറ്റിക്കറങ്ങി ഒടുവിൽ ശൂന്യതയിൽ തന്നെ ചേരുന്നു.
Comments
Post a Comment